മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച മനോവിഷമത്തിൽ അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്തു
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച മനോവിഷമത്തിൽ അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്തു. ഇടുക്കി ജില്ലയിൽ ഉപ്പുതറ കൈതപ്പാൽ സ്വദേശിനി ലിജി(38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം
കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞ് മരണമടഞ്ഞത്. കുഞ്ഞ് മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ലിജിയെന്ന് ബന്ധുക്കൾ പറയുന്നു. അതിനാൽ ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി.
ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ പള്ളിയിൽ നടത്തിയത്. മരണാനന്തര ചടങ്ങുകൾക്കായി രാവിലെ ബന്ധുക്കൾ പള്ളിയിൽ പോയിരുന്നു. ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ബന്ധുക്കൾ മടങ്ങിയെത്തിയപ്പോൾ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.