യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്
കുളമാവ്: നാടുകാണി പവിലിയനിലെത്തിയ യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) അലക്‌സാണ് (23) മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി.പെണ്‍കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയേയും അലക്‌സിനേയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇരുവരുടേയും രക്ഷിതാക്കള്‍ കാഞ്ഞാര്‍, മേലുകാവ് പോലീസ് സ്റ്റേഷനുകളില്‍ പരാതിയും നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടില്‍നിന്ന് താഴെവീണ് പെണ്‍കുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അലക്‌സും പെണ്‍കുട്ടിയും നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി താഴേക്കുവീണു. പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന അലക്‌സ് ബോധരഹിതയായ പെണ്‍കുട്ടിയെക്കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിച്ചു. തുടര്‍ന്ന് സ്വന്തം ജീന്‍സ് സമീപത്തെ മരത്തില്‍ കുടുക്കി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.