വാതില്‍പ്പടി സേവന പദ്ധതി ഡിസംബറോടെ സംസ്ഥാന വ്യാപകമാക്കും: മുഖ്യമന്ത്രി
വാതില്‍പ്പടി സേവന പദ്ധതി ഡിസംബറോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വാതില്‍പ്പടി സേവനം പൈലറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടത്തില്‍ 50 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് മാസം കൊണ്ട് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വിശദമായി പരിശോധിച്ച് അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ട് വരും- മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. ഒരു ഓഫീസിലും പോകാതെ, ഒരു ഉദ്യോഗസ്ഥനെയും കാണാതെ അര്‍ഹമായ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നാട് എന്നത് യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ജനകീയമായ സന്നദ്ധപ്രവര്‍ത്തനം കേരളത്തിന്റെ മുഖമുദ്രയാണ്. നിരാലംബരായ ആളുകളുടെ വീട്ടുപടിക്കല്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും സാമൂഹ്യ ക്ഷേമ പദ്ധതികളും എത്തിക്കാന്‍ കഴിയുന്ന ശാശ്വത സംവിധാനമാണിത്. ആശാ വര്‍ക്കര്‍മാരാണ് പദ്ധതിയുടെ നെടും തൂണ്. കുടുംബശ്രീ, അങ്കണവാടികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡ് മെമ്പര്‍മാര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ഏറ്റവും അടിത്തട്ടില്‍ ജനങ്ങളുമായി ഇടപഴകുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനം ഈ പദ്ധതിയുടെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. നിലവില്‍ അഞ്ചു സേവനങ്ങള്‍ മാത്രമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത് ക്രമേണ എല്ലാ പദ്ധതികളും ഇതിന്റെ ഭാഗമാക്കാനുള്ള നടപടി സ്വീകരിക്കും. ഒരു പുതു ചരിത്ര സൃഷ്ടിയുടെ ഭാഗമാണ് ഈ പദ്ധതി. വികസനം, ക്ഷേമം, അഴിമതിരഹിതം, മത നിരപേക്ഷത എന്നതിലൂടെ ഒരു പുതു കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ അഴീക്കോട് മണ്ഡലത്തിലെ കണ്ണൂര്‍ കോര്പറേഷന്, അഴീക്കോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം പഞ്ചായത്തുകളിലാണ് വാതില്‍പ്പടി സേവനങ്ങള്‍ ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, സാമൂഹിക സുരക്ഷ പെന്ഷന്, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയ്ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്കല് തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന ഈ സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ഈ രീതിയില്‍ സേവനം ആവശ്യമുള്ളവരുടെ പട്ടിക വാര്‍ഡ് തലത്തില്‍ തയ്യാറാക്കും. അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ചിറക്കല്‍ പഞ്ചായത്തിലെ പുതിയതെരു ചാലുവയല്‍ പ്രതീക്ഷയില്‍ വാടകയ്ക്ക് താമസിക്കുന്ന കെ വി ഹസ്സന്, എം റംല ദമ്പതികള്‍ക്ക് ജീവന് രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കിയാണ് ജില്ലയില്‍ വാതില്‍പ്പടി സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എന്നിവര്‍ ചേര്‍ന്ന് മരുന്ന് കൈമാറി. അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ഷഫീക്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ വത്സല, സെക്രട്ടറി ടി ഷിബു കിരണ്‍, കില കോര്‍ഡിനേറ്റര്‍ പി പി രത്നാകാരന്, വളണ്ടിയര്‍മാരായ ടി പ്രദീപന്, പി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ (എളയാവൂര്), ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ (നാറാത്ത്), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ (പാപ്പിനിശ്ശേരി) തുടങ്ങിയ ജനപ്രതിനിധികള്‍ അഴീക്കോട് മണ്ഡലത്തിലെ വിവിധ വാര്‍ഡുകളിലെ പരിപാടികള്‍ക്ക് നേതൃത്വം നല്കി.