‘വിജയ് ബാബു പരാതിക്കാരിയുടെ അമ്മയെയും ഭീഷണിപ്പെടുത്തി’
ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ. കേസ് രജിസ്റ്റർ ചെയ്യുമെന്ന് അറിഞ്ഞാണ് വിജയ് ബാബു ദുബായിലേക്ക് പോയതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു. താൻ വിദേശത്താണെന്ന് മറച്ചുവച്ചാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, അധിക രേഖകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഉപഹർജിയിൽ താൻ ദുബായിലാണെന്ന വിവരം ഉണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കുമെന്നും വിജയ് ബാബുവിൻറെ അഭിഭാഷകൻ വാദിച്ചു.
ഏപ്രിൽ 22ൻ ഒരു സിനിമാ ചിത്രീകരണത്തിനായി ഗോവയിലേക്ക് പോയെന്നും ഏപ്രിൽ 24ൻ ഗോൾഡൻ വിസയിൽ ദുബായിലേക്ക് പോയെന്നും വിജയ് ബാബു പറഞ്ഞു. ആ സമയത്ത് കേസ് രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നിയമനടപടികളിൽ നിന്ന് ഒളിച്ചോടുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഇത് തെറ്റാണെന്നും കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞാണ് ദുബായിലേക്ക് പോയതെന്നും സർക്കാർ വാദിച്ചു.
കേസ് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾ വഴി തന്നെ അറിയാമായിരുന്നല്ലോ. ഏപ്രിൽ 19ൻ നടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കൊല്ലത്തെ വിലാസമാണ് നൽകിയതെന്നും വിദേശത്താണോ അതോ എപ്പോൾ തിരിച്ചുവരുമെന്നോ പരാമർശിച്ചിട്ടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ദുബായിൽ ഉണ്ടെന്ന് അവകാശപ്പെട്ടാണ് പിന്നീട് ഉപഹർജി നൽകിയതെന്നും അതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും അദ്ദേഹം വാദിച്ചു.