വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയർ സീരിസിൽ ഇടംനേടി മന്ത്രി കെ.കെ. ശൈലജ.

കൊച്ചി: പ്രശസ്ത മാഗസിന്‍ വോഗ് ഇന്ത്യയുടെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ മുഖചിത്രമായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അതത് മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ. വോഗിന്റെ നവംബര്‍ മാസത്തെ കവര്‍ ചിത്രത്തിലാണ് കെ കെ ശൈലജ ഇടം നേടിയത്.

കോവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.’ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു.

ലീഡർ ഓഫ് ദ ഇയർ എന്ന വിഭാഗത്തിലാണ് കെ.കെ. ശൈലജ ഉൾപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച പത്തനംതിട്ട സ്വദേശികളായ വയോധിക ദമ്പതിമാരെ ചികിത്സിക്കുകയും പിന്നീട് രോഗ ബാധിതയാവുകയും ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രേഷ്മ, തെലങ്കാനയിലെ മഹാഭൂപ്നഗർ എസ്.പിയും മലയാളിയുമായ രമ രാജേശ്വരി,

ഡോ കമല രാംമോഹൻ (തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ) എന്നിവർ കോവിഡ് പ്രതിരോധത്തിലെ മികവിൽ വാരിയർ ഓഫ് ദ ഇയർ എന്ന പേരിൽ സീരീസിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഈ മാസം അവസാനമായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.