സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാകും
ന്യൂഡൽഹി:അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂർ ആതിഥ്യമരുളും. ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്.
കൊവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ആശങ്കയുണ്ടെന്നാണ് സൂചന. മൂന്നാം തരംഗം അടക്കം സ്ഥിതി മോശമായാൽ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു. നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളിൽ മാത്രം വിർച്ച്വൽ ആയി സമ്മേളനങ്ങൾ നടത്തും. സംസ്ഥാന സമ്മേളനങ്ങൾ ഒക്ടോബർ മുതൽ തുടങ്ങുമെന്നും സിപിഎം നേതാക്കൾ അറിയിച്ചു.