സ്കൂൾ അവധി: തീരുമാനം താലൂക്ക് തലത്തിലെ റിപ്പോർട്ട് അടിസ്ഥാനത്തിൽ
അതിശക്തമായ മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട തഹസിൽദാർമാരും ഡിഇഒമാരും റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ദുരന്ത നിവാരണ നിയമം 2005 പ്രകാരം അവധി പ്രഖ്യാപിക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. അവധി നൽകേണ്ട സാഹചര്യം ഉണ്ടായാൽ ബന്ധപ്പെട്ട ഡിഇഒമാരും തഹസിൽദാർമാരും തലേദിവസം വൈകുന്നേരം ഏഴ് മണിക്ക് മുമ്പായി വിവരം ജില്ലാ കലക്ടറെ നേരിട്ട് അറിയിക്കണം.