ഹജ്ജ് ക്യാമ്പ്: കണ്ണൂരിൽ പ്രതീക്ഷിക്കുന്നത് 500 ഓളം പേരെ
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഹജ്ജ് തീർഥാടന ക്യാമ്പിന്റെ പൂർണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ നിർദേശം. ഇതുസംബന്ധിച്ച് എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയത്. ഓരോ വകുപ്പും ക്യാമ്പിനാവശ്യമായ മുന്നൊരുക്കം നടത്തണം. ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്താനും യോഗം ആവശ്യപ്പെട്ടു.
ഹജ്ജിന് പോകുന്നവർ രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുക്കണം. ഇതിനകം രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവരുണ്ടെങ്കിൽ അവർക്ക് താലൂക്ക് ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും. വിമാനത്താവളത്തിൽ ഹാജിമാർക്ക് തങ്ങാനാവശ്യമായ പന്തൽ, 24 മണിക്കൂറും ആരോഗ്യ സേവനം എന്നിവക്കുള്ള ക്രമീകരണങ്ങളടക്കം സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദ് അലി പറഞ്ഞു. മെയ് 20 ന് ശേഷമായിരിക്കും ക്യാമ്പ് ആരംഭിക്കുക എന്നാണ് കരുതുന്നത്. ഹജ്ജ് അപേക്ഷകരിൽ നിലവിൽ 2527 പേരാണ് കണ്ണൂർ വിമാനത്താവളം തെരഞ്ഞെടുത്തിട്ടുള്ളത്്. കോഴിക്കോട് ആണ് ഏറ്റവുമധികം പേർ തെരഞ്ഞെടുത്തത്-9249. 3166 പേർ കൊച്ചിയാണ് തെരഞ്ഞെടുത്തത്. മാർച്ച് 10 വരെയാണ് ഹജ്ജിന് അപേക്ഷിക്കാനുള്ള സമയം. കേരളത്തിൽ നിന്ന് പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയിൽ പേർ ഹജ്ജിന് പോകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 3000-3500 പേർ കണ്ണൂർ വിമാനത്താവളം തെരഞ്ഞെടുക്കുമെന്നും കരുതുന്നു. കണ്ണൂർ, കാസർകോട്്, വയനാട് ജില്ലകൾക്ക് പുറമെ കോഴിക്കോട് ജില്ലയുടെ വടകര മേഖലയിലുള്ളവരുമാണ് കണ്ണൂരിനെ ആശ്രയിക്കുക. ഇതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഇവിടെ സജ്ജമാക്കേണ്ടതുണ്ടെന്ന് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.
യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (എൽആർ) പി ഷാജു, അഡീഷണൽ എസ്പി എ വി പ്രദീപ്, ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കെ വി ലക്മണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.