ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ ; നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യണമെന്ന് ജിസിസി

റിയാദ്: നെറ്റ്ഫ്ലിക്സ് പ്രക്ഷേപണം ചെയ്യുന്ന പല ദൃശ്യങ്ങളും ഇസ്ലാമിക, സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ഇലക്ട്രോണിക് മീഡിയ ഓഫീസേഴ്സ് കമ്മിറ്റി നിരീക്ഷിച്ചു. ഇതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച പാനൽ ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ്, കമ്മിറ്റിയും സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയും (ജിസിഎഎം) ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ഇത് പാലിച്ചില്ലെങ്കിൽ നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “ജിസിസി രാജ്യങ്ങളിൽ നിലവിലുള്ള മാധ്യമ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന ദൃശ്യങ്ങൾ കുട്ടികളെയും യുവതലമുറയെയും ധാർമ്മിക പാതയിൽ നിന്ന് തെറ്റിക്കുന്നവയാണ്.

ഇത് ഗൗരവത്തോടെയാണ് മീഡിയ ഓഫിഷ്യല്‍സ് കമ്മിറ്റി കാണുന്നത്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്ഫോം നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറല്‍ കമ്മീഷൻ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ വക്താവ് പറഞ്ഞു.