അഞ്ച് കുട്ടികള്‍ക്ക് ധീരതയ്ക്കുള്ള ദേശിയ പുരസ്കാരം.

അഞ്ച് കുട്ടികള്‍ക്ക് ധീരതയ്ക്കുള്ള ദേശിയ പുരസ്കാരം.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന അവാര്‍ഡിനായാണ് കേരളത്തില്‍ നിന്ന് അഞ്ചു കുട്ടികളെ തെരഞ്ഞെടുത്തത്. നാലാം ക്ലാസുകാരി ഏയ്ഞ്ചല്‍ മരിയ, എട്ടാം ക്ലാസുകാരന്‍ ഷാനിസ് അബ്ദുള്ള, കെ എന്‍ ശിവകൃഷ്ണന്‍, ശീതള്‍ ശശി കെ, ഋതുജിത് എന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

കോഴിക്കോട് കടമേരി യുപി സ്കൂളില്‍ 7 -ാംക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു ഷാനിസ് പോത്തിന്റെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നത്. വഴിനീളെയുള്ള ആക്രമണത്തില്‍ ഒരു കൊമ്ബ് നഷ്ടപ്പെട്ട് ചോര വാര്‍ന്ന് എത്തിയ പോത്ത് രണ്ടര വയസ്സുകാരിയായ ഹനൂനയെ ആക്രമിക്കുകയായിരുന്നു. അതുകണ്ട് ഷാനിസ് പോത്തിനെ ബലമായി പിടിച്ചുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു. അഭിമന്യു അവാര്‍ഡാണ് ഷാനിസിന് ലഭിച്ചത്.

കനാല്‍വെള്ളത്തില്‍ അകപ്പെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ് രാമവര്‍മപുരം മണ്ണത്ത്‌ ജോയ് എബ്രഹാമിന്റെയും ലിഥിയയുടെയും മകളായ ഏഞ്ചല്‍ മരിയ ജോണ്‍ അവാര്‍ഡിന് അര്‍ഹയായത്. കനാലില്‍ എടുത്തുചാടിയ ഏഞ്ചല്‍, കുഞ്ഞിനെ തോളിലിട്ട് കരയില്‍ എത്തിക്കുകയായിരുന്നു. തൃശ്ശൂര്‍ ദേവമാതാ സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ് ഏഞ്ചല്‍.

പുഴയില്‍ മുങ്ങിത്താഴ്ന്ന ഒരു കുട്ടിയുടെ മുടിയില്‍ പിടിച്ചു കരയിലെത്തിച്ചതിനാണ് തലപ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ശിവകൃഷ്ണന്‍ പുരസ്‌കാരത്തിന്‌ അര്‍ഹനായത്. വയനാട് മാനന്തവാടിയില്‍ തലപ്പുഴ കുരണാലയത്തില്‍ ലതയുടെയും പരേതനായ പ്രേംകുമാറിന്റെയും മകനാണ് ശിവകൃഷ്ണന്‍.

കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മൂന്നുപേരുടെ ജീവന്‍ രക്ഷിച്ചതിനാണ് ശീതള്‍ ശശി അവാര്‍ഡിന് അര്‍ഹയായത്. കുളത്തിന്‍കരയിലുണ്ടായിരുന്ന, കുട്ടികള്‍ നീന്താനുപയോഗിച്ചിരുന്ന ഫ്ളോട്ടിങ്‌ കന്നാസുകള്‍ കൊണ്ടുവന്ന് മൂവരെയും രക്ഷിക്കുകയായിരുന്നു. കടന്നപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്.

മെഡലിനു പുറമേ സ്പെഷ്യല്‍ അവാര്‍ഡിന് എഴുപത്തിയയ്യായിരം രൂപയും ജനറല്‍ അവാര്‍ഡിന് നാല്പതിനായിരം രൂപയുമാണ് നല്‍കുന്നത്. കൂടാതെ അര്‍ഹത നേടിയ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും.