അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നടൻ ദിലീപിന്റെ അഭിഭാഷകൻ അഡ്വ.ബി രാമൻ പിള്ള. അഡ്വക്കേറ്റ്സ് ആക്ടിലെ സെക്ഷൻ 35ന് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്ന് രാമൻ പിള്ള പറഞ്ഞു.അതിജീവിത നൽകിയ പരാതിയിൽ ദിലീപിന്റെ അഭിഭാഷകൻ ബാർ കൗണ്‍സിലിന് മറുപടി നൽകുകയായിരുന്നു. രാമൻപിള്ളയുടെ മറുപടി ബാർ കൗൺസിൽ അതിജീവിതയ്ക്ക് അയച്ചു. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകണമെങ്കിൽ തെളിവുകൾ സഹിതം നൽകണമെന്നും ബാർ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ഇക്കാര്യത്തിൽ സാവകാശം തേടി സർക്കാർ ഹർജിയും നൽകിയിരുന്നു.

പുതിയ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സാവകാശമാണ് ഇവർ തേടുന്നത്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ചോർന്നതാണെന്ന കണ്ടെത്തലിൽ അന്വേഷണം തള്ളിക്കളയുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.