അതിജീവിത മുഖ്യമന്ത്രി കൂടിക്കാഴ്ച; നാളെ 10ന് സെക്രട്ടേറിയറ്റിൽ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10നു സെക്രട്ടേറിയറ്റിലാണ് യോഗം ചേരുക. കേസിന്റെ തുടർ അന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കുന്നതിനിടെ അതിജീവിത ഹർജി പിൻവലിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യമെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചിരുന്നു. സർക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണം തെറ്റാണെന്നും ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് അറിയില്ലെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു.

തുടക്കത്തിൽ സ്വതന്ത്ര അന്വേഷണത്തെ പിന്തുണയ്ക്കുകയും അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയാണ് പിൻവാങ്ങുന്നതെന്നും അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു.