അപകട യാത്രക്ക് വിരാമമാകുന്നു:രാമപുരത്ത് വഴിയോര വിശ്രമ കേന്ദ്രം തുറന്നു.

പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ രാമപുരത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു.ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർക്ക് വിശ്രമം ലഭിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലിൽ നിന്നാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തത്.

കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആദ്യത്തെ വഴിയോര വിശ്രമ കേന്ദ്രമാണ് രാമപുരത്തെത്.പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് നിർമാണത്തിൻ്റെ ഭാഗമായി റോഡിന്റെ വളവ് നിവർത്തിയപ്പോൾ ലഭിച്ച പൊതുമരാമത്ത് വകുപ്പിന്റെ അര ഏക്കർ സ്ഥലത്താണ് വിശ്രമ കേന്ദ്രവും പാർക്കും യാഥാർഥ്യമാക്കിയത്.

1.35 കോടി രൂപ ചെലവിൽ നിർമ്മിച്ച പാർക്കിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂരയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

50 ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനം, ഭക്ഷണശാല, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, ശൗചാലയം , ഓപ്പൺ എയർ തീയേറ്റർ, വാട്ടർ ഫൗണ്ടൻ, ഇരിപ്പിടങ്ങൾ, നടപ്പാത, ചുറ്റുമതിൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കെ എസ് ടി പി യുടെ നേതൃത്വത്തിൽ ആർഡിഎസാണ് പ്രവൃത്തി നടത്തിയത്.

ഓൺലൈനായി നടന്ന പരിപാടിയിൽ ടി വി രാജേഷ് എം എൽ എ അധ്യക്ഷനായി.രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിവി പ്രീത, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പ്രഭാവതി, ജില്ലാ പഞ്ചായത്തംഗം ആർ അജിത, ബ്ലോക്ക് പഞ്ചായത്തംഗം ടി വി ഉണ്ണികൃഷ്ണൻ, കെ എസ് ടി പി അസിസ്റ്റൻ്റ് എഞ്ചിനീയർ പി എസ് ആരതി തുടങ്ങിയവർ സംസാരിച്ചു. കെ എസ് ടി പി കണ്ണൂർ എക്സിക്യുട്ടീവ് എഞ്ചിനീയർ ഇൻ ചാർജ് ഷീല ചോരൻ പദ്ധതി വിശദീകരിച്ചു