കേരളംവാര്‍ത്തകള്‍

ലൈം​ഗികാതിക്രമമെന്ന ആരോപണം; യുവാവിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യത്തെ തുടർന്ന് അപമാനവും മാനസിക സമ്മർദ്ദവും സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കൾ. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നൽകുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് വ്യക്തമാക്കി. മകനു നീതി ലഭിക്കണമെന്നും ഇത്തരമൊരു ദുരന്തം ഇനി മറ്റാർക്കും സംഭവിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിൽ പോയി മടങ്ങിയതിനു ശേഷം ദീപക് കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. എന്നാൽ സംഭവത്തിന്റെ ഗൗരവം കുടുംബം വൈകിയാണ് അറിഞ്ഞത്. അതേസമയം, സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ദീപക് ബന്ധുവായ സനീഷിനെ ഫോണിൽ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുമുമ്പേ ദീപക് ജീവനൊടുക്കുകയായിരുന്നുവെന്ന് സനീഷ് പറഞ്ഞു. ഫോൺ സംഭാഷണത്തിൽ സംഭവത്തെക്കുറിച്ച് ദീപക് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ജീവനൊടുക്കിയത്. ബസിനുള്ളിൽ ദീപക് ലൈംഗികാതിക്രമം കാട്ടിയെന്നാരോപിച്ചാണ് ഒരു യുവതി ദൃശ്യം ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. തന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകൾ കണ്ടതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച ഉച്ചവരെ ഏകദേശം 23 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ ജോലി ചെയ്തിരുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനായി കണ്ണൂരിൽ പോയിരുന്നു. മടങ്ങിവരുന്ന ബസിലുണ്ടായ സംഭവമെന്ന പേരിലാണ് യുവതി ഇൻസ്റ്റഗ്രാമിൽ റീൽസ് രൂപത്തിൽ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വ്യാപകമായി പ്രചരിക്കുന്നുവെന്ന വിവരം അറിഞ്ഞതോടെ ദീപക് ഏറെ വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുകൾ പറയുന്നു.

വിഡിയോയെ തുടർന്ന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾ ദീപക് ശനിയാഴ്ച വൈകിട്ട് ചില സുഹൃത്തുകളുമായി ഫോണിലൂടെ പങ്കുവെച്ചിരുന്നുവെന്നും, സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് അടുത്ത സുഹൃത്തുകളോട് സൂചിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു