അപ്പാർട്ട്മെന്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ അപ്പാർട്ട്മെന്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് സ്ത്രീകളടക്കം നാല് പേരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ഞായറാഴ്ച രാവിലെയാണ് കരമന നഗരത്തിലെ അപ്പാർട്ട്മെന്റിൽ വലിയശാല സ്വദേശിയായ കൈമനം ആഴാംകല്ല് കൃഷ്ണനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വൈശാഖി(34)ന്റെ മൃതദേഹം കണ്ടെത്തിയത്. കിള്ളിപ്പാലം സൂപ്പർ പ്രേം റസിഡൻസി എന്ന അപ്പാർട്ട്മെന്റിലാണ് സംഭവം. ബാൽക്കെണിയിലാണ് മൃതദേഹം കണ്ടത്.

സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വൈശാഖിന് വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സ്ക്രൂഡ്രൈവർ പോലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വൈശാഖും സുഹൃത്തുക്കളും ചേർന്ന് ഈ അപ്പാർട്ട്മെന്റിൽ മുറിയെടുത്തിരുന്നു. തുടർന്ന് മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസ് പറയുന്നത്