അമ്മയും മകനുമെന്നതിന് തെളിവ് ചോദിച്ച് സദാചാരഗുണ്ടായിസം:സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി.

കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും ആക്രമണം നേരിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം.എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും ആക്രമിക്കുകയും ഇവര്‍ വന്ന കാര്‍ അക്രമി അടിച്ചു തകര്‍ക്കുകയും ചെയ്തു. ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോൾ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച്‌ കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പി വടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് അക്രമി ആവശ്യപ്പെട്ടതായി ഷംല പറയുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം ഷംലയ്ക്കും മകനുമെതിരെ ആരോപണവിധേയനായ ആളും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

മര്‍ദന ശേഷം അമ്മയേയും മകനേയും കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു. ആടിനെ കാറിടിച്ചതു ചോദ്യം ചെയ്തപ്പോള്‍ തന്റെ സഹോദരനെ മര്‍ദിച്ചെന്നു കാണിച്ചു പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ യുവതി രാത്രി വൈകി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആടിനെ വാഹനം തട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഇന്‍സ്പെക്ടര്‍ നിസാര്‍ പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.