അമ്മ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ.

തിരുവനന്തപുരം: അമ്മ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ വിഷയത്തിലും സ്വീകരിക്കണം.അതിജീവിത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇടവേള ബാബു ഇനിയും മറുപടി നല്‍കിയിട്ടില്ല. പകരം അമ്മ ക്ലബ്ബ് ആണെന്നാണ് ബാബു പറയുന്നത്.

താന്‍ ഉന്നയിച്ച ചോദ്യത്തിന് ഇടവേള ബാബു മറുപടി നല്‍കിയില്ല. പകരം തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ഇടവേള ബാബു ശ്രമിച്ചത്. വിക്കീപിഡിയ നോക്കി ക്ലബ്ബിന്റെ അര്‍ത്ഥം പറയുകയാണ് ചെയ്യുന്നത്. താന്‍ ബാബുവിനെപ്പോലെ ഇംഗ്ലീഷ് പ്രൊഫസര്‍ അല്ലെന്നും, ഇംഗ്ലീഷ് പരിജ്ഞാനമില്ലന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.

ക്ലബ് പ്രസ്താവനയില്‍ വാശിയോടെ ഇടവേള ബാബു ഉറച്ചു നില്‍ക്കുന്നത് എന്തിന്?. ആരെ രക്ഷിക്കാനാണ്. അമ്മ എക്‌സിക്യൂട്ടീവിലെ ആരൊക്കെയോ എന്തോ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന് ഇര പറയുന്നുണ്ട്. തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് മുൻപേ ഇര പറഞ്ഞ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയൂ. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ്ബിലല്ല ആരോപണ വിധേയന്‍ അംഗമായത്. അങ്ങനെയെങ്കില്‍ ആരോപണ വിധേയന്‍ അംഗമായ ക്ലബ്ബുകളുടെ പേരു കൂടി ഇടവേള ബാബു പുരത്തു വിടണമായിരുന്നു.