അര്‍ബന്‍ നിധി തട്ടിപ്പ്; രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചവിധി

തലശ്ശേരി: നിക്ഷേപകരുടെ പണം തട്ടിയെന്ന കേസില്‍ അര്‍ബന്‍ നിധി തട്ടിപ്പിലെ രണ്ടാംപ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജി.ഗിരീഷ് വ്യാഴാഴ്ച വിധി പറയും.

കേസിലെ മറ്റ് രണ്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. മയ്യില്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത മൂന്നും കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഒരു കേസിലുമാണ് ആന്റണി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തലശ്ശേരിയിലെ അനസ്തേഷ്യ ഡോക്ടര്‍ 59.5 ലക്ഷം രൂപ 2021-ല്‍ നിക്ഷേപിച്ചിരുന്നു. ഇത് തിരിച്ചുകിട്ടിയില്ലെന്നാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലുള്ള കേസ്.

സ്വത്ത് വില്പന നടത്തി വിധവയായ സ്ത്രീ 7,60,000 രൂപ നിക്ഷേപിച്ചു. അതില്‍ 7,800 രൂപ മാത്രമാണ് തിരിച്ചുലഭിച്ചത്. ബാക്കി തുക ലഭിച്ചില്ലെന്നാണ് മയ്യില്‍ പോലീസ് സ്റ്റേഷനിലുള്ള ഒരു പരാതി. സ്ഥാപനത്തില്‍ ജോലിക്ക് 15,20,000 രൂപ നല്‍കി. കുറച്ചുകാലം ജോലി നല്‍കി. ഇപ്പോള്‍ ജോലിയില്ലെന്നും പണവും ലഭിക്കുന്നില്ലെന്നാണ് രണ്ടാമത്തെ പരാതി.

സ്ഥാപനത്തില്‍ ജോലിക്ക് 15,18,000 രൂപ നല്‍കി ജോലി നല്‍കിയില്ലെന്നാണ് മൂന്നാമത്തെ പരാതി. കണ്ണൂര്‍ ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരേ 44 കേസുകളുള്ളതായി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.അജിത് കോടതിയെ അറിയിച്ചു.

ചക്കരക്കല്ല്, വളപട്ടണം, കണ്ണപുരം, മയ്യില്‍, കൂത്തുപറമ്പ് , ചെറുപുഴ, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുള്ളത്.

നിരവധി കേസുകളില്‍ പ്രതിയായ ആന്റണി പരീക്ഷണമെന്ന നിലയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതാണ്. സമാന്തര സാമ്പത്തിക ലോകമുണ്ടാക്കാനാണ് പ്രതി ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. രണ്ടാം പ്രതിയായ ആന്റണി കമ്പനിയുടെ ഡയറക്ടറാണ്. 2021 മുതല്‍ 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സ്ഥാപനം മുഖേന നടത്തി.

ജോലിവാഗ്ദാനം ചെയ്തും പണം തട്ടിപ്പ് നടത്തിയതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസില്‍ പ്രതികളായ സി.കെ.ചന്ദ്രന്‍, ഷൈജു തച്ചോത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച കോടതി വാദം കേള്‍ക്കും. സ്ഥാപനത്തിന്റെ അസി. മാനേജര്‍ സി.വി.ജീന നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജീനയെ അറസ്റ്റ് ചെയ്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലാതായി.