അര്‍ണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് മുംബൈ ഹൈക്കോടതിയെ സമീപിക്കും
മുംബൈ:മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്‌ത റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് മുംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും.
ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അര്‍ണബിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തളളി.
2018ല്‍ ആത്മഹത്യകേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തുമെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
അതിനിടെ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി മുംബയ് പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐ പി സി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.