അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.ഇന്ന് രാവിലെയോടെയാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. കാറ്റിന്റെ ഗതിയെക്കുറിച്ച് ഇപ്പോൾ വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല.

വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും ഇന്ന് മുതൽ 17 വരെ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച ആറുജില്ലകളിലും ഞായറാഴ്ച രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഓറഞ്ച് അലർട്ട് ആണെങ്കിലും അടുത്ത രണ്ട് ദിവസവും റെഡ് അലർട്ടിന് സമാനമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.