അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ നടപടി സ്വീകരിക്കും

നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. പൊലീസുകാരന്റെ ഭാഗത്ത് നിന്ന് അബദ്ധം പറ്റിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

കഴിഞ്ഞ ദിവസം സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് അർച്ചന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സ്ത്രീകൾക്ക് മാത്രമായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ തടഞ്ഞുനിർത്തി അപമര്യാദയായി ചോദ്യം ചെയ്തുവെന്നും അർച്ചന കുറിപ്പിൽ പറയുന്നു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിലേക്ക് പോകുന്നതെന്ന് പൊലീസ് ചോദിച്ചെന്നും അർച്ചന കൂട്ടിച്ചേർത്തു. ‘കേരള പോലീസ്’, ‘ഫോർട്ട് കൊച്ചി’ തുടങ്ങിയ ഹാഷ്ടാഗുകളും അവർ പോസ്റ്റിൽ ചേർത്തു.