അർബൻ നിധി നിക്ഷേപത്തട്ടിപ്പ്: പ്രതികളുടെ ആഡംബര കാറുകൾ കണ്ണൂരിൽ

അർബൻ നിധി തട്ടിപ്പ് കേസിലെ പ്രതികളുടെ രണ്ട് ആഡംബര കാറുകൾ കണ്ണൂരിൽ എത്തിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളും സ്ഥാപന ഡയറക്ടർമാരുമായ തൃശ്ശൂർ വരവൂരിലെ കുന്നത്തു പീടികയിൽ ഗഫൂർ (46), മലപ്പുറം ചങ്ങരംകുളം മേലേടത്ത് ഷൗക്കത്തലി (43) എന്നിവരുടെ കാറുകളാണ് അന്വേഷണസംഘം കണ്ണൂരിൽ എത്തിച്ചത്. കാറുകൾ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിൽ ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള ആഢംബരക്കാറിന്‌ 55 ലക്ഷം രൂപ വില വരും. ഒ.ഡി 05 എൽ 0786 എന്ന ഇഷ്ടനമ്പറിനായി ഒഡിഷയിലാണ് വാഹനം രജിസ്റ്റർ ചെയ്തത്.

ഒ.ഡി എന്ന അക്ഷരത്തിനും പ്രത്യേക നമ്പറായ 786 ലഭിക്കാനുമാണ് ഒഡിഷയിൽ കാർ രജിസ്റ്റർ ചെയ്തത്. ഇഷ്ടപ്പെട്ട നമ്പർ ലഭിക്കാൻ മാത്രം അഞ്ചു ലക്ഷം രൂപയോളം ചെലവഴിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഷൗക്കത്തലിയുടെ മലപ്പുറത്തുള്ള വീട്ടിൽ നിന്നാണ് കാർ പിടിച്ചെടുത്തത്. വീട്ടിലുണ്ടായിരുന്ന മറ്റൊരു കാർ ഭാര്യയുടെ പേരിലായിരുന്നു.

ഗഫൂറിന്റെ തൃശ്ശൂരിലെ വീട്ടിൽ നിന്നാണ് ആഡംബര കാർ പിടിച്ചെടുത്തത്. രണ്ട് കാർ വീട്ടിലുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് ഇയാളുടെ പേരിലുള്ളത്. പ്രതികളുടെ കൂടുതൽ ആസ്തികൾ പിടിച്ചെടുത്ത് നിക്ഷേപകർക്ക് നൽകുകയെന്ന അന്വേഷണ സംഘത്തിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രതികളുടെ ആസ്തികൾ പിടിച്ചെടുക്കുന്നത്. കണ്ണൂർ അസി. പോലീസ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ നിർദേശത്തെ തുടർന്ന് ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളുടെ കാർ കണ്ണൂരിൽ എത്തിച്ചത്. ഷൗക്കത്തലി മലപ്പുറത്ത് പണിത ഇരുനില വീട് തട്ടിപ്പിലൂടെ നേടിയ പണം കൊണ്ടാണെന്ന് കണ്ടെത്തിയിരുന്നു.

അർബൻ നിധിയുടെ സമാന്തര സ്ഥാപനമായ എനി ടൈം മണി സ്ഥാപനത്തിൽ നിന്ന്‌ ഏഴു കോടി രൂപ ഷൗക്കത്തലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഈ പണം ഉപയോഗിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. മലപ്പുറത്തെ ചങ്ങരംകുളത്താണ് കോടികൾ ചെലവഴിച്ച് ആധുനിക രീതിയിലുള്ള ആഡംബര വീട് നിർമിച്ചത്. പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇവരുടെ ആഡംബര ജീവിതം പുറത്തറിയുന്നത്.