ആധുനിക റോഡുകളും വേറിട്ട പദ്ധതികളും മുഖ്യമന്ത്രിയുടെ നാട്ടിൽ വൻ വികസന പദ്ധതികൾ വരുന്നു

പിണറായി: പിണറായി ഗ്രാമത്തിൻ്റെ മുഖഛായ മാറും. ആധുനിക റോഡുകളും വേറിട്ട പദ്ധതികളും മുഖ്യമന്ത്രിയുടെ നാട്ടിൽ വൻ വികസന പദ്ധതികൾ വരുന്നു. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ അനുവദിച്ച പദ്ധതികൾ ഇവയാണ്.

ബ്രണ്ണൻ കോളേജ് സെന്റർ ഓഫ് എക്സലൻസ് ആക്കുന്നതിന്റെ ഭാഗമായി 30 കോടി രൂപ അനുവദിച്ചു. ഇതിൽ 10 കോടി ഈവർഷംതന്നെ നൽകും. അഞ്ചരക്കണ്ടിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ്‌ റിസർച്ച് സെൻ്റർ ഇൻ ഫയർ ആൻറ് സേഫ്റ്റി സ്ഥാപിക്കും.

ഇതിന്റെ പ്രാഥമിക പ്രവർത്തനത്തിന് ഈവർഷം ഒരു കോടി രൂപ അനുവദിച്ചു. പെരളശ്ശേരിയിൽ നിർമിക്കുന്ന എ.കെ.ജി. മ്യൂസിയത്തിന് ആറ് കോടി നൽകും. പിണറായിയിൽ കാർഷിക വൈവിധ്യ കേന്ദ്രം സ്ഥാപിക്കും.

പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശ്ശേരി പഞ്ചായത്തുകളിൽ കളിസ്ഥലം നിർമിക്കാൻ അഞ്ച് കോടി, ഇരിവേരി സി.എച്ച്.സി. കെട്ടിടത്തിൽ ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് 50 ലക്ഷം, പിണറായി സ്പെഷ്യാലിറ്റി സെൻററിൽ ഫർണിച്ചറും ഉപകരണങ്ങളും വാങ്ങുന്നതിന് 75 ലക്ഷം, ബ്രണ്ണൻ കോളേജ് ഗ്രൗണ്ട് നവീകരണത്തിന് ഒരുകോടിയും സ്മാർട്ട് ക്ലാസ് മുറിക്ക് രണ്ടുകോടിയും വകയിരുത്തി.
പാച്ചപ്പൊയ്ക, മൂന്നാംപാലം, പന്തക്കപ്പാറ ടൗൺ വികസനത്തിന് 1.25 കോടി, പെരളശ്ശേരി, ചാല, വേങ്ങാട്, പിണറായി, പാലയാട്, മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറികളിൽ സ്മാർട്ട് ക്ലാസ് മുറികൾക്കായി അഞ്ച് കോടി, മുഴപ്പിലങ്ങാട്, വേങ്ങാട്, ചെമ്പിലോട് പഞ്ചായത്തുകളിൽ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കാൻ 75 ലക്ഷം, അഞ്ചരക്കണ്ടി പഞ്ചായത്തിലെ വാതകശ്മശാനം പൂർത്തീകരണത്തിന് 50 ലക്ഷം, കടമ്പൂർ കുടുംബാരോഗ്യകേന്ദ്രം കെട്ടിടം പൂർത്തിയാക്കാൻ 75 ലക്ഷം, പെരളശ്ശേരി കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിന് ഒരുകോടി എന്നിങ്ങനെ തുക അനുവദിച്ചു.

ചക്കരക്കൽ കമ്യൂണിറ്റി ഹാൾ നിർമാണത്തിന് അഞ്ച് കോടി, ബാലഭവൻ പൂർത്തീകരണത്തിന് രണ്ട് കോടി, ഡോ. ജാനകിയമ്മാൾ സർവകലാശാലാ സെൻററിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് 10 കോടി, എട്ട് ഗ്രാമീണ റോഡുകളിൽ മെക്കാഡം ടാറിങ്ങിന് 20 കോടി, വേങ്ങാട് കമ്യൂണിറ്റി ഹാൾ നവീകരണത്തിന് മൂന്ന് കോടി, പാലയാട് സിനി കോംപ്ലക്സ് നിർമാണത്തിന് അഞ്ച് കോടി, അഞ്ചരക്കണ്ടി വെലോഡ്രാമിന് 20 കോടി, പിണറായി ആയുർവേദ ഡിസ്പെൻസറി പൂർത്തീകരണത്തിന് മൂന്ന് കോടി, ചാമ്പാട് പാലത്തിന്റെ പുനർനിർമാണത്തിന് അഞ്ച് കോടി എന്നിവയും ബജറ്റിൽ ഇടംനേടിയിട്ടുണ്ട്

.