ആരാധനാലയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മതനേതാക്കളുടെ ആഹ്വാനം
കൊവിഡ് വാക്സിന്‍ എടുക്കാന്‍ ആളുകള്‍ മുന്നോട്ടുവരണം
ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലും അവയോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ മതസംഘടനാ പ്രതിനിധികളുടെ യോഗം ആഹ്വാനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വൈറസിന്റെ ആദ്യ തരംഗത്തില്‍ പ്രകടിപ്പിച്ച സഹകരണം അതിന്റെ രണ്ടാംവരവിലും കാണിക്കണം. ഇതിന്റെ ഭാഗമായി പള്ളികളിലെയും മറ്റും ഇഫ്ത്താര്‍ വിരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രായമായവരും കുട്ടികളും പ്രാര്‍ഥനയ്‌ക്കെത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം. പ്രാര്‍ഥനകള്‍, ഉത്സവങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കെട്ടിടങ്ങള്‍ക്കകത്ത് പരമാവധി 75 പേരും ഔട്ട്‌ഡോറില്‍ 150 പേരും ആണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവിടെയും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണം. ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന ഒന്നിലധികം തവണ നടത്തുന്നതും കൂടുതല്‍ ഫലപ്രദമാവുമെന്നും ഇക്കാര്യം പരിഗണിക്കണമെന്നും യോഗത്തില്‍ സംസാരിച്ച പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ അടുത്ത രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും വൈറസിന്റെ വ്യാപനം തടയുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കണമെന്നും എഡിഎം ഇപി മേഴ്‌സി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ശക്തമായ നടപടികളിലൂടെ മികച്ച പ്രതിരോധം കാഴ്ചവയ്ക്കാന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. കൊവിഡിന്റെ രണ്ടാംവരവിലും അത് ആവര്‍ത്തിക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു.
നമ്മളിലൂടെ വീട്ടിലെയോ കുടുംബത്തിലെയോ ആരും വൈറസ് ബാധിതരാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത അഭിപ്രായപ്പെട്ടു. വാക്‌സിനേഷന്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുറച്ചുകാലം കൂടി കൊവിഡ് നമുക്കൊപ്പമുണ്ടാവും. കൊവിഡ് നമ്മെ വിട്ടുപോകുമ്പോഴും നമ്മുടെ ഉറ്റവരും ഉടയവരും നമുക്കൊപ്പം തന്നെയുണ്ടാവണം. അതിന് കടുത്ത ജാഗ്രത അനിവാര്യമാണെന്നും ഡോ. പ്രീത പറഞ്ഞു.
സമൂഹത്തില്‍ 60 ശതമാനം പേര്‍ക്കെങ്കിലും പ്രതിരോധ വാക്‌സിന്‍ ലഭിച്ചാല്‍ മാത്രമേ രോഗവ്യാപനത്തിന്റെ തോത് പിടിച്ചുനിര്‍ത്താനാവൂ എന്ന് ഡോ. ഉസ്മാന്‍ കുട്ടി പറഞ്ഞു. വാക്‌സിനെടുത്തവര്‍ക്ക് അപൂര്‍വമായി കൊവിഡ് വരാമെങ്കിലും അവരില്‍ കാര്യമായ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്സിന്‍ ന്യൂട്രീഷന്‍ അല്ലാത്തതിനാലും പേശിയില്‍ കുത്തിവയ്ക്കുന്നതിനാലും നോമ്പ് കാലത്ത് വാക്സിനെടുക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധനാലയങ്ങളിലും മതചടങ്ങുകളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എം വി അനില്‍കുമാര്‍ പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടാല്‍ സംഘാടകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. സുല്‍ഫിക്കര്‍ അലി (കെഎന്‍എം), എ കെ അബ്ദുള്‍ ബാഖി (എസ്എംഎഫ്), കെ മുഹമ്മദ് ഷരീഫ് ബാഖവി (സമസ്ത), അബ്ദുള്‍ ലത്തീഫ് സഅദി, കെ വി സലീം, ഹാമിദ് (മുസ്ലീം ജമാഅത്ത്), സ്വാമി ആത്മചൈതന്യ (അഴീക്കോട് ശാന്തിമഠം), തലശ്ശേരി അതിരൂപതാ ബിഷപ്പ് ഫാദര്‍ തോമസ് തെങ്ങുംപള്ളില്‍, ഫാദര്‍ തങ്കച്ചന്‍ ജോര്‍ജ് (ഹോളി ട്രിനിറ്റി കത്തീഡ്രല്‍), മുഹമ്മദ് സാജിദ് (ജമാഅത്തെ ഇസ്ലാമി), നിസാര്‍ അതിരകം (എസ് വൈ എസ്), ഷഹീര്‍ പാപ്പിനിശ്ശേരി (എസ്‌കെഎസ്എസ്എഫ്), കനകരാജ് (ശാന്തി മഠം), മഹേഷ് ചന്ദ്ര ബാലിഗ (ചിന്‍മയ മിഷന്‍), സഹല്‍ വാഫി, മുഹമ്മദ് ഷമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/1564/2021