ആരോപണങ്ങൾ അടിസ്ഥാനരഹിതം

സർവ്വകലാശാലയിലെ പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനത്തെ സംബന്ധിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. സർവകലാശാല ആക്ട്, ഓർഡിനൻസ് എന്നിവ പ്രകാരമുള്ള നിലവിലെ ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് സർവ്വകലാശാല പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചത്. മേൽപ്പറഞ്ഞ മൂന്ന് സ്റ്റാറ്റ്യൂട്ടറി തസ്തികകളിൽ നിയമിക്കപ്പെടുന്നവരുടെ സേവന കാലാവധി 4 വർഷം അല്ലെങ്കിൽ 56 വയസ്സ് പൂർത്തിയാകുന്നതുവരെ – ഇതിലേതാണോ ആദ്യം – എന്ന വ്യവസ്ഥ ഉൾപ്പെടുത്തി കണ്ണൂർ യൂണിവേഴ്‌സിറ്റി ആക്ട് 1996 ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം 6/3/2019 പ്രാബല്യത്തിൽ വന്നിട്ടുണ്ട്. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ സ്റ്റാറ്റ്യൂട്ടറി തസ്തികകളിൽ നിയമിക്കപ്പെടുന്നവർ സേവനകാലാവധി പൂർത്തിയാക്കി വിടുതൽ ചെയ്യേണ്ട തീയ്യതി നിശ്ചയിച്ചുകൊണ്ടുള്ളതാണ് കണ്ണൂർ യൂണിവേഴ്‌സിറ്റി ആക്ടിന് വന്നിട്ടുള്ള മേൽ ഭേദഗതി. ഇത്തരത്തിൽ നിയമിക്കപ്പെടുന്ന ആളെ 4 വർഷത്തെ സേവന കാലാവധി കഴിഞ്ഞാൽ വീണ്ടും 4 വർഷ കാലയളവിലേക്ക് പുനർനിയമനം നടത്താം എന്നും സബ്‌സെക്ഷനുകളിൽ പറയുന്നു. ഇങ്ങനെ പുനർനിയമനം ലഭിക്കുന്നവർക്കും പരമാവധി 56 വയസ്സു വരെ മാത്രമേ സേവനത്തിൽ തുടരാൻ സാധിക്കുകയുള്ളൂ.
മേൽ പറഞ്ഞിട്ടുള്ള മൂന്ന് സ്റ്റാറ്റ്യൂട്ടറി തസ്തികകളുടെ നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളത് കണ്ണൂർ യൂണിവേഴ്‌സിറ്റി ഓർഡിനൻസസ് 1999 ചാപ്റ്റർ 15 ലെ അനുബന്ധ ഷെഡ്യൂൾ പ്രകാരമാണ്. അതുപ്രകാരം ഈ തസ്തികകൾക്ക് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പ്രായപരിധി 40 ഉം കൂടിയത് 50 ഉം ആണ്.
കേരള സംസ്ഥാന സർവ്വീസിലോ സർവകലാശാല ഉൾപ്പെടെയുളള അനുബന്ധ സർവ്വീസിലോ നിയമനത്തിന് നിശ്ചയിച്ചിട്ടുള്ള പരമാവധി പ്രായപരിധിയും അത്തരം തസ്തികകളിൽ നിയമിക്കപെട്ടവർ സേവനകാലം പൂർത്തിയാക്കി വിരമിക്കേണ്ട, അല്ലെങ്കിൽ വിടുതൽ ചെയ്യേണ്ട പ്രായപരിധിയും തമ്മിൽ യാതൊരു ബന്ധവുമില്ല.

കണ്ണൂർ യൂണിവേഴ്‌സിറ്റി ആക്ടിന് 2019 ൽ വന്ന ഭേദഗതി പ്രകാരമുള്ള സേവനകാലയളവും കണ്ണൂർ യൂണിവേഴ്‌സിറ്റി ഓർഡിനൻസസ് 1999 പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള യോഗ്യതകളും ഉൾപ്പെടുത്തിയാണ് രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനം കണ്ണൂർ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ തസ്തികകളിൽ നിയമിക്കപ്പെടുന്നവർക്ക് പരമാവധി 56 വയസ്സുവരെ തുടരാം എന്നുള്ളതുകൊണ്ട് സർവ്വകലാശാല ഓർഡിനൻസസ് പ്രകാരം നിശ്ചയിക്കപ്പെട്ട നിയമന സമയത്തെ പരമാവധി പ്രായപരിധിയായ 50 വയസ്സിൽ മാറ്റം വരുത്തുവാൻ സർവ്വകലാശാലയ്ക്ക് സാധിക്കില്ല. 2019 ലെ ഭേദഗതി വിജ്ഞാപനം ചെയ്തതിന് ശേഷവും . രജിട്രാർ , പരീക്ഷാ കൺട്രോളർ , ഫിനാൻസ് ഓഫീസർ തസ്തികകളിലേക്ക് ഓർഡിനൻസ് പ്രകാരമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം വിജ്ഞാപനം പുറപ്പെടുവിപ്പിക്കുകയും പരീക്ഷാ കൺടോളർ തസ്തികയിൽ നിയമനം നടത്തുകയും ചെയ്തിട്ടുണ്ട്.

പരീക്ഷാ കൺട്രോളർക്ക് ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, 5 വർഷത്തെ അധ്യാപന പരിചയം, യൂണിവേഴ്‌സിറ്റി അല്ലെങ്കിൽ കോളേജുകളിൽ പ്രവൃത്തിപരിചയം എന്നിവയും, ഫിനാൻസ് ഓഫീസർക്ക് ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് സർവ്വകലാശാലാ ബിരുദം, ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടന്റ് ഇൻസ്റ്റിറ്റിയൂഷനുകളിൽ അസോസിയേറ്റ് മെമ്പർ/ഫെല്ലോ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, എന്നിവയും രജിസ്ട്രാർക്ക് ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, 5 വർഷത്തെ സർവ്വകലാശാല തലത്തിലുള്ള അധ്യാപന പരിചയം, കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ 5 വർഷത്തിൽ കുറയാത്ത ഭരണ പരിചയം എന്നിങ്ങനെയുമാണ് യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. ഇതേ മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് ഇത്തവണയും, കഴിഞ്ഞ തവണകളിലും നിയമനങ്ങൾ സംബന്ധിച്ചുള്ള വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതും നിയമനങ്ങൾ നടത്തിയിട്ടുള്ളതും.
സ്റ്റാറ്റ്യൂട്ടറി തസ്തികളിൽ സ്ഥിരനിയമനം അടിയന്തിരമായി നടത്തണമെന്ന് എ.ജി യുടെ ഓഡിറ്റ് റിപ്പോർട്ടിൽ സർവകലാശാലക്ക് നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്.
ചട്ടപ്രകാരം നടത്തിയ നിയമന വിജ്ഞാപനം സംബന്ധിച്ചുള്ള ആരോപണങ്ങളും വ്യാജവാർത്തകളും സർവ്വകലാശാലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണ്.