ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി പതിറ്റാണ്ടുകള്‍ കേരളരാഷ്ട്രീയത്തില്‍ സമഗ്രതയോടെ ഉയര്‍ന്നുനിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്. കേരള രാഷ്ട്രീയത്തില്‍ കാരണവര്‍ സ്ഥാനത്തുണ്ടായിരുന്ന ഒരു വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്.

കേരള നിയമസഭയിലും പാര്‍ലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്നും ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഉജ്ജ്വല വാഗ്മി, മികവുറ്റ സംഘാടകന്‍, സമര്‍ത്ഥനായ നിയമസഭാ സാമാജികന്‍ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളില്‍ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണപിള്ള. എന്നും കേരളരാഷ്ട്രീയത്തിലെ മുഖ്യധാരയില്‍ നിറഞ്ഞുനിന്ന ബാലകൃഷ്ണപിള്ള, അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തില്‍ അതിശക്തമായി അതിനെ എതിര്‍ത്തിരുന്നു.

ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ എന്നും നിലകൊണ്ടു. വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത വകുപ്പുകളെ സമര്‍ഥമായി കൈകാര്യം ചെയ്ത പ്രഗത്ഭനായ മന്ത്രിയായിരുന്നു. സ്വന്തം അഭിപ്രായം നിര്‍ഭയം തുറന്നുപറയാന്‍ ഒരിക്കലും മടിക്കാത്ത വ്യക്തിയായിരുന്നു ബാലകൃഷ്ണപിള്ള. കേരള രാഷ്ട്രീയത്തിന് പൊതുവിലും ഇടതുമുന്നണിക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ബാലകൃഷ്ണ പിള്ളയുടെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.