ആറളം ഫാം മേഖലയിലെ കാട്ടാനകളെ തുരത്താൻ സ്പെഷ്യൽ ഡ്രൈവ്
ആറളം ഫാം മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ കാട്ടിലേക്ക് തുരത്തുന്നതിനായി തിങ്കളാഴ്ച മുതൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. ആറളം വൈൽഡ്ലൈഫ് വാർഡൻ ഷജ്ന എ, കണ്ണൂർ ഡി.എഫ്.ഒ കാർത്തിക് പി IFS എന്നിവരുടെ നേതൃത്വത്തിൽ ആറളം വൈൽഡ്ലൈഫ്,
കൊട്ടിയൂർ റെയ്ഞ്ച്, നരിക്കടവ് ഫോറെസ്റ്റ് സ്റ്റേഷൻ, കൊട്ടിയൂർ വന്യജീവി സങ്കേതം, ആർ.ആർ.ടി എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും, ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 90 അംഗങ്ങളുള്ള സ്പെഷ്യൽ ഡ്രൈവ് ടീമിനെ കൺട്രോളിങ് ടീം, ട്രെയ്സിങ് ടീം, ലീഡിങ് ടീം, റോഡ് ബ്ലോക്ക് ടീം, ഡ്രൈവിംഗ് ടീം എന്നിങ്ങനെ 5 ഗ്രുപ്പുകളായി തിരിച്ച് ഫാമിലെ 1, 2, 3, 4 ബ്ലോക്കുകളിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ഒരുമിച്ച് തുരത്തുകയാണ് ചെയ്യുക..
ഡ്രൈവിംഗ് ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നിർദേശങ്ങൾക്കുമായി കണ്ട്രോൾ റൂം ഫാമിൽ സജ്ജമാക്കും. തദ്ദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി ആറളം ഫാം/പുനരാധിവാസ മേഖലയിലെ റോഡുകൾ ബ്ലോക്ക് ചെയ്ത് കോട്ടപ്പാറ ഭാഗം വഴി കാട്ടിലേക്ക് തുരത്തുകയാണ് ചെയ്യുക. പോലീസ്, ഫയർ&റെസ്ക്യൂ, ഹെൽത്ത്, പഞ്ചായത്ത്, ആറളം ഫാർമിങ് കോർപറേഷൻ, ടി.ആർ.ഡി.എം വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.