‘ഇടതുസർക്കാർ ഇന്ധന നികുതിയിനത്തിൽ നയാ പൈസ ഒഴിവാക്കിയിട്ടില്ല’
കേന്ദ്ര സർക്കാർ പെട്രോൾ/ഡീസൽ നികുതി കുറച്ചപ്പോൾ ധനമന്ത്രിയും ഇടതുപക്ഷവും കേരളത്തിൽ ആനുപാതികമായി നികുതി കുറച്ചത് സംസ്ഥാന സർക്കാർ നികുതി കുറച്ചെന്ന പേരിൽപറയുന്നത് ദൗർഭാഗ്യകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇടതുസർക്കാർ നികുതിയിനത്തിൽ നയ പൈസ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സർക്കാരിൻറെ കാലത്ത് ഇന്ധനവില ഉയർന്നപ്പോൾ നാല് തവണ വർദ്ധിപ്പിച്ച വിലയുടെ നികുതി സർക്കാർ ഒഴിവാക്കുകയും ജനങ്ങൾക്ക് 619.17 കോടി രൂപയുടെ ആശ്വാസം നൽകുകയും ചെയ്തു. ഈ മാതൃകയാണ് ഇടതു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 2016 മേയിൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്ററിൻ 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോൾ ഇത് യഥാക്രമം 105.76 രൂപയും 94.69 രൂപയുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഉയർന്ന വിലയ്ക്ക് കാരണം.