ഇന്ത്യയുടെ ട്വന്റി-20 ടീം പ്രഖ്യാപിച്ചു; ഇത്തവണയും സഞ്ജു ഇല്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയിൽ നടക്കുന്ന പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ പേസർമാരായ ഉമ്രാൻ മാലിക്കും അർഷ്ദീപ് സിങ്ങുമാണ് ടീമിലെ പുതുമുഖങ്ങൾ. വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ ഫിറ്റ്നസും ഫോമും വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കാർത്തികിനൊപ്പം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലുണ്ട്. അതേസമയം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല.

സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുള്ള പരമ്പരയിൽ കെഎൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, മുൻ നായകൻ വിരാട് കോഹ്ലി, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചു.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ജൂൺ 9 ന് ആരംഭിക്കും. ദക്ഷിണാഫ്രിക്കയുടെ 16 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെംബ ബവുമയാണ് അവരുടെ ക്യാപ്റ്റൻ .