ഇന്ത്യൻ ടീം; ഛേത്രി നയിക്കും, സഹൽ ആദ്യ ഇലവനിൽ

ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ സുനിൽ ഛേത്രി നയിക്കും. പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങൾ നഷ്ടമായ ഛേത്രി ഇന്ന് ആദ്യ ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് രാത്രി 9.30നാണ് മത്സരം.

നിരവധി കളിക്കാർക്ക് പരിക്കേറ്റതിനാൽ കോച്ച് ഇഗോർ സ്റ്റാമ്മിച്ചിൻ പതിവുപോലെ ശക്തമായ ടീമിനെ കളത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. ഗുർപ്രീത് സിംഗ് സന്ധുവാണ് ടീമിന്റെ ഗോൾ കീപ്പർ. പ്രീതം കോട്ടൽ, സന്ദേശ് ജിങ്കൻ, അന്വർ അലി, സുഭാഷിഷ് ബോസ്, ആകാശ് മിശ്ര എന്നിവരാണ് ടീമിലെ ഡിഫൻഡർമാർ. അനിരുദ്ധ് ഥാപ്പ, ഗ്ലാൻ മാർട്ടിൻസ് എന്നിവർക്കൊപ്പം സഹൽ അബ്ദുൾ സമദും മധ്യനിരയിലുണ്ട്. മന്വീർ സിംഗാണ് ഛേത്രിക്കൊപ്പം ടോപ് ഓർഡറിലുള്ളത്.

5-3-2 ഫോർമേഷനിൽ സ്റ്റിമാക് കളിക്കാൻ സാധ്യതയുണ്ട്. ഫിഫ റാങ്കിംഗിൽ ജോർദാൻ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ്. നേരത്തെ ഇരുവരും നേർക്കുനേർ വന്നപ്പോൾ വിജയം ജോർദാനോടൊപ്പമായിരുന്നു.