ഇരട്ട വോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.

തിരുവനന്തപുരം: ഇരട്ട വോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരണാധികാരിക്ക് കൈമാറുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തിയിരിക്കുന്നത്.

ജില്ലാ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമാണ് ഇരട്ട വോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഇരട്ട വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം.

ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്കും കൈമാറും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബൂത്തില്‍ വോട്ടിടുന്നതിന് മുന്‍പ് സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഇരട്ട വോട്ടുകളുടെ പട്ടിക രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്ന്ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ അറിയിക്കുകയും അതിന്റെ കണക്കുകള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്ത് 38586 ആളുകളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇരട്ടിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.