ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി

ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മനോജാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

പ്രതി സൂരജിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി പ്രതിയോട് ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു നിർവികാരനായിനിന്ന സൂരജിന്റെ മറുപടി. തുടർന്ന് പ്രോസിക്യൂഷനും വാദം നടത്തി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ ആവശ്യപ്പെട്ടു. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമാണിതെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഉത്രയുടേത് കൊലപാതകമല്ലെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു.