ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്‌സിജി ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍

ബെംഗളൂരു : എച്ച്‌സിജി കാന്‍സര്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിയെ പരിശോധിച്ചെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഡോ. വിശാല്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ചാണ്ടിക്കുണ്ട്.

ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തും. തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട് നാളെ ഡോക്ടര്‍മാരുടെ യോഗം ചേരുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ന്യൂമോണിയ ബാധിച്ച്‌ മാറിയ ശേഷവും പ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ചാണ്ടി ഉമ്മന്‍ പറഞ്ഞു. തുടര്‍ചികിത്സകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ നാളെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. കൊച്ചിയിലെ ഡോക്ടര്‍മാരുടെ സംഘം ഇവരുമായി ചര്‍ച്ച നടത്തിവരികയാണെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഉച്ചയോടെയാണ് ഉമ്മന്‍ചാണ്ടിയെ കുടുംബസമേതം ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലെത്തിച്ചത്. ന്യൂമോണിയ ഭേദമായതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ മെഡിക്കല്‍ സംഘവും സര്‍ക്കാരിന്റെ മെഡിക്കല്‍ ബോര്‍ഡും തുടര്‍ചികിത്സയ്ക്ക് അനുമതി നല്‍കിയത്. മൊബൈല്‍ ഐസിയു ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ആംബുലന്‍സ് ഒരുക്കിയിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം കാറിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര നടത്തിയത്. ബെന്നി ബെഹനാന്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം വിമാനത്താവളം വരെ ഉണ്ടായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അനാവശ്യമാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.