ഊരത്തൂരിലെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവം : വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

മൂന്ന് വർഷം മുമ്പ് ഊരത്തൂർ പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതി പിടിയിൽ. ആസാം അലോപ്പനി ചാർ ദ്വീപ് സ്വദേശിയുമായ സാദിഖ് അലി (22) ആണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2018 ഫെബ്രുവരി 24 നാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ-കല്യാട് റോഡരികിൽ നിന്ന് 50 മീറ്റർ അകലെ മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്.

ആദ്യം തലയോട്ടിയും പിന്നീട് നടത്തിയ പരിശോധനയിൽ കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തിയെങ്കിലും ആദ്യം പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തിയ സമീപത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ആസാം സ്വദേശിയായ സെയ്ദ് അലവിയെ കാണാനില്ലെന്ന് കാണിച്ച് ക്വാർട്ടേഴ്സ് ഉടമ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയിലാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. മൃതദേഹാവശിഷ്ടങ്ങളുടെ പഴക്കവും സെയ്താലിയെ കാണാതായതും ഏകദേശം ഒരേ സമയത്താണ്.

ഇതുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തെരച്ചിലിൽ ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി പരിശോധന നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചിരുന്നു.
സെയ്ദ് അലവിയുടെ വീട്ടുകാരുടെ സാമ്പിൾ ശേഖരിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സെയ്ദ് അലവിയുടെ (20) മൃതദേഹ അവശിഷ്ടങ്ങളാണെന്നാണ് വ്യക്തമായത്. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
സെയ്ദാലിയുടെ മൊബൈൽ ഫോൺ കൂടെ താമസിച്ചിരുന്ന സാദിഖ് അലി ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

സെയ്ദാലിയെ കാണാനില്ലെന്നും മൊബൈൽ അറിയാതെ എടുത്തതാണെന്നുമുള്ള വിശദീകരണമാണ് പൊലീസിന് നൽകിയത്. ആസാമിലെ സമീപ പ്രദേശങ്ങളിലാണ് ഇരുവരുടെയും വീട്. സെയ്ദ് അലവിയെ കുറിച്ച് ബന്ധുക്കൾ സാദിഖ് അലിയോട് ചോദിച്ചെങ്കിലും തനിക്ക് അറിയില്ലെന്ന മറുപടിയാണ് നൽകിയത്. ഇത് പൊലീസിനെ സംശയത്തിലാക്കി. സെയ്ദ് അലവിയുടെ മൊബൈൽ ഫോൺ മോഷണത്തിൻ്റെ ഭാഗമായി സാദിഖ് അലിയുടെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ സാദിഖ് അലി ജ്യാമത്തിൽ ഇറങ്ങി മുങ്ങി നടക്കവെ ഇയാളെ ഇരിക്കൂർ പൊലീസ് ജൂൺ 16 ന് വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻറ് ചെയ്തെങ്കിലും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്. 2017 ഒക്ടോബറിൽ കൊലപാതകത്തിനാസ്പദമായ സംഭവം. സാദിഖ് അലി പണം മോഷ്ടിക്കുന്നതിനിടയിൽ സെയ്ദ് അലവിയെ വായ പൊത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. മോഷണത്തിന് ശേഷം സമീപത്തെ ചെങ്കൽ പണയിൽ കുഴിച്ച് മൂടി പിറ്റേന്ന് പുലർച്ചയോടെ ആസാമിലേക്ക് കടക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ സാദിഖ് അലിയുടെ മൊഴിയിലെ ഉണ്ടായ വൈരുദ്ധ്യമാണ് പൊലീസിന് സംശയത്തിലെത്തിച്ചത്.

എസ്.പി നവനീത് ശർമ, ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, സി.ഐ പി അബ്ദുൾ മുനീർ, എസ്.ഐ നിധീഷ് ടി എം, കെ സുരേഷ്, ബി പ്രശാന്ത്, സിപിഒമാരായ സുജിത്ത്, ശിവപ്രസാദ് എന്നിവരാണ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.