എംഎല്‍എ ഫണ്ട്; ജില്ലയില്‍ 62 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

ജില്ലയിലെ എംഎല്‍എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള 62.3 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ 2020-2021 വര്‍ഷത്തിലെ എംഎല്‍എ പ്രത്യേക വികസന നിധിയില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് ധര്‍മ്മടം മണ്ഡലത്തിലെ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്കും ഗവ. ബ്രണ്ണന്‍ കോളേജിനും ഓഡിറ്റോറിയത്തിന് ഫര്‍ണിച്ചര്‍ വാങ്ങുന്ന പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗവ.ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം, എകെജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കണ്ടരി സ്‌കൂള്‍ പിണറായി, ഇ കെ നായനാര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടരി സ്‌കൂള്‍ വേങ്ങാട്, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പാലയാട്, ഗവ.ഹയര്‍സെക്കണ്ടറി സകൂള്‍ മുഴപ്പിലങ്ങാട് എന്നീ സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് 21.53 ലക്ഷം രൂപയും എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചാല, എകെജി സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരളശ്ശേരി എന്നീ സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് 8.2 ലക്ഷം രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചത്.

ഇതിനു പുറമെ ധര്‍മ്മടം മണ്ഡലത്തിലെ എകെജി സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരളശ്ശേരി, എകെജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിണറായി, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പാലയാട്, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വേങ്ങാട്, ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചാല, ഗവ.ഹയര്‍സെക്കണ്ടറി സകൂള്‍ മുഴപ്പിലങ്ങാട് എന്നീ സ്‌കൂളുകള്‍ക്ക് ഡൈനിങ്ങ് ഹാളുകളില്‍ ഫര്‍ണ്ണിച്ചര്‍ വാങ്ങുന്നതിന് 14,27,524 രൂപയുടെ ഭരണാനുമതിയും ജില്ലാ കലക്ടര്‍ നല്‍കി.
എ എന്‍ ഷംസീര്‍ എംഎല്‍എയുടെ 2019-2020 വര്‍ഷത്തിലെ പ്രത്യേക വികസന നിധിയില്‍ നിന്നും മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് തലശ്ശേരി നഗരസഭയിലെ കോടതി വാര്‍ഡില്‍ റോഡ് പ്രവൃത്തിക്കും 2020-2021 വര്‍ഷത്തിലെ പ്രത്യേക വികസന നിധിയില്‍ നിന്നും നാലു ലക്ഷം രൂപ വിനിയോഗിച്ച് ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് മാതൃകാ ബസ് സ്റ്റോപ്പ് ചാവോകുന്ന് റെയില്‍വെ റോഡ് ടാറിംഗ് പ്രവൃത്തിക്കുമാണ് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്.

രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ 2018-2019 വര്‍ഷത്തെ എംഎല്‍എ പ്രത്യേക വികസന നിധിയില്‍ നിന്നും 2.5 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പറേഷനിലെ മതുക്കോത്ത് റോഡ് ടാറിംഗ് പ്രവൃത്തിക്കും 2020-2021 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 8.5 ലക്ഷം രൂപ വിനിയോഗിച്ച് വാണിവിലാസം കാട്ടുമച്ചാല്‍ ലിങ്ക് റോഡ് ടാറിംഗ് പ്രവര്‍ത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.