എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ ഭേദപ്പെട്ട പുരോഗതി

കണ്ണൂർ (പരിയാരം) : കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ തുടരുന്ന ശ്രീ എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ ഭേദപ്പെട്ട പുരോഗതിയുണ്ടായതായി ഇന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയ മായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും ക്രമമായ പുരോഗതി ദൃശ്യമായതിനാൽ മിനിമം വെന്റിലേറ്റർ സപ്പോർട്ടാണ് ഇപ്പോൾ നൽകി വരുന്നത്.

സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം, ഇടവേളകളിൽ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീ കരിച്ചത് ഫലം കണ്ടു. സാധാരണനിലയിലേക്ക് ശ്വാസോച്ഛ്വാസ പ്രക്രിയ മാറിവരുന്നതിനായി ഓക്‌സിജൻ കൊടുത്തുള്ള തുടർചികിത്സ ഏതാനും ദിവസങ്ങൾക്കൂടി തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ മാറിവരുന്നതേയുള്ളൂ എന്നതിനാൽ ത്തന്നെ ഗുരുതരാവസ്ഥ വിട്ടുമാറിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

അണു ബാധ പൂർണ്ണമായും ഭേദപ്പെടുന്നതുവരെ സമ്പൂർണ വിശ്രമം ചികിത്സയുടെ ഭാഗമാണെന്നും ജാഗ്രത തുടരേണ്ടതുണ്ടെന്നും മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തുകയുണ്ടായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ കെ എം കുര്യാക്കോസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. മെഡിക്കൽ കോളേജ് ആശൂപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ് കൺവീനറുമായ ഡോ കെ സുദീപ്, മെഡിക്കൽ ബോർഡ് അംഗങ്ങളായ ഡോ ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ

സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ വിമൽ റോഹൻ (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് – കാഷ്വാലിറ്റി), ഡോ കെ സി രഞ്ജിത്ത് കുമാർ (എച്ച്.ഒ.ഡി, ജനറൽ മെഡിസിൻ വിഭാഗം), ഡോ എസ്.എം അഷ്‌റഫ് (എച്ച്.ഒ.ഡി കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ, കോവിഡ് ചികിത്സാ വിഭാഗം), ഡോ എസ്.എം സരിൻ (ആർ.എം.ഒ) എന്നിവരും യോഗത്തിൽ പങ്കെടുത്തു.