എം.സി ഖമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇന്നു രാവിലെ 10 മണി മുതൽ എംസി കമറുദ്ദീനെ ചോദ്യം ചെയ്ത് വരികയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് എഎസ്പി പ്രതികരിച്ചു.

800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഖമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.