എരഞ്ഞോളിയില്‍ ഫാം ടൂറിസം നടപ്പിലാക്കും: ഫിഷറീസ് മന്ത്രി

എരഞ്ഞോളി അഡാക് ഫിഷ് ഫാമില്‍ ഫാം ടൂറിസം നടപ്പിലാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എരഞ്ഞോളി അഡാക് ഫിഷ് ഫാം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഫാമില്‍ സീ ഫുഡ് റെസ്റ്റോറന്റ് ആരംഭിക്കാന്‍ കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനെ ചുമതല പ്പെടുത്തിയാതായും മന്ത്രി പറഞ്ഞു. ഫാം കേന്ദ്രീകരിച്ച് ലൈവ് ഫിഷ് സ്റ്റാള്‍ തുടങ്ങാനും മന്ത്രി നിര്‍ദേശം നല്‍കി. ഫാമില്‍ ഇരിപ്പിടം, വാട്ടര്‍ ഫൗണ്ടന്‍, ലൈറ്റിംഗ്, ചുറ്റുമതില്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും. കുളങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള മത്സ്യം വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തലായി ഹാര്‍ബര്‍ സന്ദര്‍ശിച്ച മന്ത്രി, തുറമുഖത്തിന്റെയും മത്സ്യ തീറ്റ കേന്ദ്രത്തിന്റെയും ശേഷിക്കുന്ന പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. എ എന്‍ ഷംസീര്‍ എംഎല്‍എ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം പി ശ്രീഷ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ ജോമോന്‍ കെ ജോര്‍ജ്, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍, അഡാക് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ എന്‍ അജേഷ് തുടങ്ങിയവരും സന്ദര്‍ശന വേളയില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.