എരഞ്ഞോളിയിൽ രണ്ടു പേപ്പർ ബാഗ് നിർമാണ യൂണിറ്റ് തുടങ്ങും

പ്ലാസ്റ്റിക്കിന് പകരം ഹരിതബദൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ രണ്ടു പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ തുടങ്ങും. വടക്കുമ്പാട്, എരഞ്ഞോളി എന്നിവിടങ്ങളിലാണ് ജൂലൈയിൽ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുക. പേപ്പർ ബാഗ്, പാള പ്ലേറ്റ് എന്നിവയാണ് കുടുംബശ്രീ മുഖേന നിർമിക്കുക. രണ്ടിടങ്ങളിലായി മുപ്പതോളം കുടുംബശ്രീ അംഗങ്ങൾക്ക് വരുമാന മാർഗം കണ്ടെത്താനും പഞ്ചായത്തിന്റെ ഈ പദ്ധതിയിലൂടെ കഴിയും. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്ത്രീ സംരംഭകർക്കായി വകയിരുത്തിയ ആറു ലക്ഷം രൂപയിൽ നിന്നാണ് യൂണിറ്റിനുള്ള തുക വിനിയോഗിക്കുക. ജൂലൈ ഒന്നുമുതൽ കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ വ്യാപാരികൾക്ക് നൽകിക്കഴിഞ്ഞു. പഞ്ചായത്തിൽ 350 കടകൾ പ്രവർത്തിക്കുന്നുണ്ട്. എരഞ്ഞോളിയെ പൂർണമായും പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കി മാറ്റുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. വ്യാപാരികൾ പഞ്ചായത്തിന്റെ കീഴിൽ നിർമിക്കുന്ന പേപ്പർ ബാഗുകൾ പരമാവധി വാങ്ങാൻ തയ്യാറാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ പറഞ്ഞു.