ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ.

ഇടുക്കിയിൽ വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജൂ എന്നിവരെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തതായി വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണം ചോദിക്കുന്നത്. നൽകിയിലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.