ഐടിഐ പഠിച്ചിറങ്ങിയവര്‍ക്കായി തൊഴില്‍ മേള നാളെ കണ്ണൂരില്‍

ഐ.ടി.ഐയില്‍ നിന്നും പഠിച്ചിറങ്ങുന്ന മുഴുവന്‍ കുട്ടികള്‍ക്കും തൊഴില്‍ നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിൻ്റെ ഭാഗമായി നടത്തുന്ന മേള ‘സ്പെക്‌ട്രം 2023’ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ഗവ: ഐ.ടി.ഐയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉല്‍ഘാടനം ചെയ്യും.

ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളെ ഐ.ടി.ഐയില്‍ നേരിട്ടെത്തി പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തിനകത്തും പുറത്തും നിന്നുമായി 60 ഓളം വ്യവസായ സ്ഥാപനങ്ങളില്‍ നിന്നായി 1200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ടി മനോജ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.