ഐ ഫോൺ വിവാദം; കോടിയേരിയുടെ ഭാര്യ പോലീസിന് പരാതി നൽകി


തിരുവനന്തപുരം:യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാധ്യമവാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണക്കരാർ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ അഞ്ചു ഐഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചിരുന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്നതിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയെന്നുമാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനി പോലീസിനെ സമീപിച്ചത്.

ഐ ഫോണിൽ തന്റെ സിംകാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിക്കണമെന്നാണ് ആവശ്യം. സ്വന്തം ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.