ഒക്ടോബർ 19 വരെ പവർകട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.
തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെങ്കിലും ഒക്ടോബർ 19 വരെ പവർകട്ടും ലോഡ് ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് പുറത്തുനിന്നു വാങ്ങാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. 19നു ചേരുന്ന യോഗത്തിൽ തുടർനടപടികൾ ചർച്ച ചെയ്യും.
ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയത്ത് പവർകട്ടിലേക്ക് പോകുന്നത് ആക്ഷേപങ്ങൾക്കിടയാക്കും എന്നും യോഗം വിലയിരുത്തി. തുടർന്നാണ് കുറവുള്ള 300 മെഗാവാട്ട് വൈദ്യുതി കൂടുതൽ പണം കൊടുത്തു വാങ്ങാൻ തീരുമാനിച്ചത്.
ഇതിനായി പ്രതിദിനം രണ്ടു കോടി രൂപ ചെലവാകുമെന്നും സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ വൈദ്യുതിക്കുറവ് 400 മെഗാവാട്ടിനു മുകളിൽ പോയാൽ സ്ഥിതി ഗുരുതരമാകും. നിലവിൽ ആവശ്യമുള്ള 3,800 മെഗാവാട്ട് വൈദ്യുതിയിൽ 1,800–1,900 മെഗാവാട്ട് വൈദ്യുതിയാണ് കേന്ദ്രപൂളിൽനിന്നു ലഭിക്കുന്നത്. ഇതിലാണ് 300 മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായത്. കൽക്കരി പ്രതിസന്ധിയിൽ രാജ്യത്തുണ്ടായ വൈദ്യുതി ഉൽപാദനക്കുറവാണ് സംസ്ഥാനത്തേയും ബാധിച്ചത്.