ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്; കണക്കുകൾ വ്യക്തമാക്കി വിദ്യഭ്യാസ വകുപ്പ്

ഇക്കൊല്ലത്തെ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷം 3,48,741 കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കൊല്ലം 3,03,168 കുട്ടികളായി കുറഞ്ഞു. 45,573 പേരുടെ കുറവാണ് നേരിട്ടത്. പൊതു വിദ്യഭ്യാസ വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം മറ്റ് ക്ലാസുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ 2 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 44,915 കുട്ടികളും എയ്ഡഡ് സ്കൂളിൽ 75,055 കുട്ടികളും പുതുതായി ചേർന്നു. ഇവരിൽ 24 ശതമാനം പേരും അൺ എയ്ഡഡ് സ്കൂളിൽ നിന്നും 76 ശതമാനം പേർ മറ്റു സിലബസിൽ നിന്നും എത്തിയവർ ആയിരുന്നു.

കഴിഞ്ഞ വർഷത്തേതിലേയും കുറവാണ് ഈ വർഷം അൺ എയ്ഡഡ് സ്കൂളിൽ എത്തിയ കുട്ടികളുടെ എണ്ണം. സർക്കാർ സ്കൂളുകളിൽ 1, 4, 10 ക്ലാസുകൾ എയ്ഡഡ് 1, 4, 7, 10 ഒഴികെയുള്ള ക്ലാസുകളിലും കുട്ടികളുടെ എണ്ണം കൂടി. 5, 8 എന്നീ ക്ലാസുകളിലാണ് കൂടുതലായി കുട്ടികൾ പുതുതായി പ്രവേശനം നേടിയത്.