ഒന്നിച്ചുജീവിക്കാം; ഫാത്തിമയെ ആദിലയ്ക്കൊപ്പം വിട്ട് ഹൈക്കോടതി
സ്വവർഗാനുരാഗികളായ പെണ്കുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതി അനുമതി നൽകി. കാമുകിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്രിൻറെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. ബന്ധുക്കൾ ബലം പ്രയോഗിച്ച് കൊണ്ടുപോയ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെയാണ് ആദില നസ്രിനോടൊപ്പം പോകാൻ കോടതി അനുവദിച്ചത്. പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് താമസിക്കുന്നതിന് വിലക്കില്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി. ആദില നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി.
തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാർ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാതായെന്നും ആദില പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് നൂറയെ കാണാനില്ലെന്ന് കാണിച്ച് ഫാത്തിമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.
രാവിലെ തന്നെ ഹർജി പരിഗണിച്ച ഹൈക്കോടതി പെൺകുട്ടിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാൻ ബിനാനിപുരം പൊലീസിനോട് നിർദ്ദേശിച്ചു. തുടർന്നാണ് പെണ്കുട്ടിയുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. അവർ ചേംബറിൽ സംസാരിക്കുകയും ഇരുവരെയും ഒരുമിച്ച് താമസിക്കാൻ അനുവദിക്കുകയും ചെയ്തു. പ്രായപൂർത്തിയായതിനാൽ അവരുടെ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരോടും പറഞ്ഞു.