ഓംബുഡ്സ്മാൻ ചുമതലയേറ്റു

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ഓംബുഡ്സ്മാനെ അറിയിക്കാം. ജില്ലയിൽ ചുമതലയേറ്റ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഗുണനിലവാരം, മേൽനോട്ടവും നടത്തിപ്പും, തൊഴിൽ ദിനങ്ങൾ ലഭിക്കാത്ത പ്രശ്നം, അവകാശ ലംഘനം തുടങ്ങിയവയാണ് ഓംബുഡ്സ്മാൻ പരിശോധിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ തപാൽ, ഇ-മെയിൽ, ഫോൺ എന്നിവ വഴിയും നേരിട്ടും നൽകാം. ഇതിനായി ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ സിറ്റിങ്ങും ഹിയറിങ്ങും നടത്തും. ജൂൺ നാലിന് രാവിലെ 11 മണിക്ക് പന്ന്യന്നൂർ പഞ്ചായത്തിൽ ഹിയറിങ്ങും ജൂൺ ഏഴിന് രാവിലെ 11 മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ്ങും ഉണ്ടാകും. പരാതി ലഭിച്ചാൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കും. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ ഓംബുഡ്സ്മാൻ നേരിട്ടെത്തി പരിശോധന നടത്തും. പരാതി നൽകേണ്ട വിലാസം: കെ എം രാമകൃഷ്ണൻ, ഓംബുഡ്സ്മാൻ, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ്, സിവിൽ സ്റ്റേഷൻ അനക്സ് (ഇ-ബ്ലോക്ക്), രണ്ടാംനില, കണ്ണൂർ-2. ഫോൺ: 9447287542, 9400255178. ഇ മെയിൽ: ombudsmanmgnregskannur@gmail.com
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തൊഴിലുറപ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ, ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ, അസി. എൻജിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു.