ഓണത്തിന് കൃഷി വകുപ്പിന്റെ 143 പച്ചക്കറി വിപണികള്‍; ചൊവ്വാഴ്ച തുടക്കം

ജില്ലയില്‍ ഓണം പച്ചക്കറി വിപണനത്തിന് 143 ചന്തകള്‍ ഒരുക്കി കൃഷി വകുപ്പ്. വിപണിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച (ആഗസ്ത് 17) ഉച്ചക്ക് ഒരു മണിക്ക് കലക്ടറേറ്റ് വളപ്പിലുള്ള സംഘമൈത്രി വിപണന ശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും. വിപണികളില്‍ 30 എണ്ണം ഹോര്‍ട്ടി കോര്‍പ്പും, ആറെണ്ണം വി എഫ് പി സി കെയും, 107 എണ്ണം കൃഷിഭവനുകളുടെയും നേതൃത്വത്തിലാണ്. വിവിധ ഫാമുകള്‍, കൃഷി വകുപ്പിന്റെ ലാബുകള്‍, എഞ്ചിനീയറിംഗ് വിഭാഗം, ജില്ലാ ഓഫീസ് സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തിലാണ് ചന്ത നടത്തുന്നത്. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, വട്ടവട കാന്തല്ലൂര്‍ പച്ചക്കറികള്‍, സംസ്ഥാനത്തിന് പുറത്തു നിന്ന് ഹോര്‍ട്ടി കോര്‍പ്പ് വഴി സംഭരിക്കുന്ന പച്ചക്കറികള്‍ എന്നിവയെല്ലാം വിപണിയില്‍ ലഭിക്കും. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയെക്കാള്‍ 10 ശതമാനം അധിക വില നല്‍കി സംഭരിക്കും. പൊതുവിപണിയിലെ വിലയെക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ആഗസ്ത് 17 ചൊവ്വാഴ്ച മുതല്‍ 20 വരെ ചന്ത പ്രവര്‍ത്തിക്കും.