ഓണമുണ്ണാന്‍ വിഷരഹിതമായ പച്ചക്കറി ഓണത്തിന് ഒരു മുറം പച്ചക്കറി ജില്ലാതല ഉദ്ഘാടനം നടന്നു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തുടക്കം.
പദ്ധതിയുടെ ജില്ലാതല നടീല്‍ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കല്ല്യാശ്ശേരിയില്‍ നിര്‍വ്വഹിച്ചു.

കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന പ്രവര്‍ത്തനമാണിതെന്നും മാതൃകപരമായി പദ്ധതി സംഘടിപ്പിക്കാന്‍ ജില്ലപഞ്ചായത്തിനും കൃഷിവകുപ്പിനും സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഒത്തുചേര്‍ന്ന് പ്രതിസന്ധി നിറഞ്ഞ ഈ കാലത്തെ നേരിടുകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരള സര്‍ക്കാര്‍ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. അതിന്റെ തുടര്‍ച്ച കൂടിയാണ് ഈ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷമയമായ പച്ചക്കറികള്‍ വിപണികള്‍ കീഴടക്കുമ്പോള്‍ വിഷരഹിതമായ പച്ചക്കറികള്‍ വീടുകളില്‍ തന്നെ ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ കര്‍ഷകരെ പച്ചക്കറി കൃഷിയിലേക്ക് കൊണ്ട് വരുന്നതിനും പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സാധിക്കും. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 4.31 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയില്‍ നടപ്പാക്കുന്നത്. മൂന്ന് ലക്ഷം പച്ചക്കറി വിത്തുകളും 15 ലക്ഷം പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിതരണത്തിന് തയ്യാറായത്. കൃഷിഭവന്‍ മുഖാന്തിരം ജൂണ്‍ 30നകം സൗജന്യമായാണ് കര്‍ഷകര്‍ക്ക് ഇവ വിതരണം ചെയ്യുക. പാവല്‍, പടവലം, വെണ്ട, തക്കാളി, മുളക്, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ വിത്തുകളും തൈകളുമാണുള്ളത്.

ചടങ്ങില്‍ കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ യു പി ശോഭ, വി കെ സുരേഷ്ബാബു, അഡ്വ. കെ കെ രത്‌നകുമാരി, അംഗങ്ങളായ തോമസ് വക്കത്താനം, ഇ വിജയന്‍ മാസ്റ്റര്‍, ആബിദ ടീച്ചര്‍, എന്‍ പി ശ്രീധരന്‍, എ മുഹമ്മദ് അഫ്‌സല്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് നെല്‍സണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍,കണ്ണൂര്‍ പി ലത, കൃഷിവിജ്ഞാന്‍ കേന്ദ്രം കണ്ണൂര്‍ മേധാവി പി ജയരാജ്, കല്ല്യാശ്ശേരി കൃഷി ഓഫീസര്‍ പ്രമോദ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.