ഓണ്‍ലൈന്‍ പഠനം: ജില്ലാ കലക്ടര്‍ മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു

ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സമാഹരിച്ച പഠനോപകരണങ്ങളുടെ ആദ്യഘട്ട വിതരണം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാ കലക്ടര്‍ നേരത്തേ നടത്തിയ അദാലത്തില്‍ ലഭിച്ചതുള്‍പ്പെടെയുള്ള അപേക്ഷകള്‍ പരിഗണിച്ചായിരുന്നു വിതരണം.
അദാലത്തിലും അതിനു ശേഷവും ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായി കണ്ടെത്തിയ 72 കുട്ടികളില്‍ 30 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കിയത്. ബാക്കിയുള്ളവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കും. അദാലത്തില്‍ ഉയര്‍ന്ന നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, എഡിഎം കെ കെ ദിവാകരന്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.