ഓണ്‍ലൈന്‍ വിദ്യാഭ്യാസം: സഹായ സന്നദ്ധതയറിയിച്ച് വിവിധ സംഘടനകള്‍
ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് വിവിധ സംഘടനകള്‍. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന വിവിധ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ നടത്തിയ അദാലത്തില്‍ നിരവധി കുട്ടികള്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കാര്യം അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയുടെ ഭാഗമായാണ് വിവിധ സംഘടനകളുടെയും യോഗം ചേര്‍ന്നത്.
നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എഡിഎം പറഞ്ഞു. ജില്ലയില്‍ ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്തുന്നതിനായി ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്ന ക്ലാസിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടി വി തുടങ്ങിയവ നല്‍കാനാണ് തീരുമാനം.
യോഗത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ലയണ്‍സ് ക്ലബ്, റോഡ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, ഐഎംഎ, കേരള പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍, കേരള ക്വാറി ആന്‍ഡ് ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.